കിടക്കുന്നു ഞാനങ്ങനെ

‌ഉമ്മറത്തെ ചാരു ബെഞ്ചിലിരുന്നു അവനാ മുറ്റത്തേക്ക് കടന്നു വരുന്നവരെ നോക്കിക്കൊണ്ടിരിക്കുന്നു. ആ അഞ്ചടി വീതിയുള്ള വഴിയിലൂടെ വരുന്നവരെ അവനൊന്നു സൂക്ഷിച്ചു നോക്കി. അപരിചിതരായി ആരും തന്നെ ഇല്ല. എല്ലാവരുടെയും മുഖത്ത് വിഷമം തളം കെട്ടി നിൽക്കുന്നു. എങ്ങും ശോകാതുരമായ അന്തരീക്ഷം. ആരും ഉച്ചത്തിൽ സംസാരിക്കുന്നില്ല. വരുന്നവരുടെയൊക്കെ മുഖത്ത് തെല്ലു പോലും സന്തോഷം കാണാനില്ല. "എന്ത് പറ്റിയതാ?","എപ്പഴായിരുന്നു?" തുടങ്ങിയ  ചോദ്യങ്ങൾ മാത്രം. ആരോ അവർക്കൊക്കെ ഉത്തരം കൊടുക്കുന്നുണ്ട്.ആരെന്ന് വ്യക്തമാകുന്നില്ല. കുറച്ചു നേരം വരുന്നവരെ മാത്രം നോക്കിക്കൊണ്ടിരുന്നു. വന്നവരത്രയും  വീടിന്റെ അകത്തു കയറി, കയറുമ്പോൾ ഉണ്ടായതിനേക്കാളും വിഷമത്തോടെ പുറത്തേക്കിറങ്ങുന്നു. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന വിഷമമാണ് അവനിപ്പോൾ. അകത്തു നിന്ന് ചിലപ്പോഴൊക്കെ ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കുന്നു, ചിലപ്പോ അത് ചില തേങ്ങലുകളായി മാറുന്നു.
‌             അവനും പതിയെ മുറ്റത്തേക്കിറങ്ങി.കാലുകൾക്ക് ഒരു സ്ഥിരത ഇല്ലാത്തതു പോലെ. പക്ഷെ നടക്കാം. ചെറിയ കൂട്ടങ്ങളായി നിന്ന് സംസാരിക്കുന്നവർക്കിടയിലേക്ക് അവൻ നടന്നു. ആരും തന്നെ തിരിച്ചറിയുന്നില്ലാത്ത പോലെ. അവരുടെ സംസാരത്തിൽ മുഴുവനും പ്രശംസകൾ മാത്രം.  അവൻ പതിയെ തിരിഞ്ഞു നടന്നു. കരച്ചില് കേൾക്കുന്ന ആ ഹാളിനെ ലക്ഷ്യമാക്കി. നല്ല ചന്ദനത്തിരിയുടെ മണം. വിളക്ക് കത്തിച്ചിട്ടുണ്ട്, കൂടാതെ കരിയുന്ന തേങ്ങയുടെ ഒരു വല്ലാത്ത ഗന്ധവും അവന്റെ മൂക്കിലേക്ക് തുളച്ചു കയറി. പാതി എണ്ണ നിറഞ്ഞ ആ തേങ്ങാ മുറിക്ക് താഴെയായി ഒരാളങ്ങനെ പുതച്ചു കിടക്കുന്നു. മുഖത്തിന് നല്ല പരിചയ ഭാവം. ഞാൻ തന്നെ, അതെ ഞാൻ തന്നെ. തലയിലൊരു കെട്ടുമായി ആ ഹാളിന്റെ വട്ടം അങ്ങട് കിടക്കുകയാണ്. എന്നെ കുറിച്ചാണോ ഇവിരിത്രയും പൊക്കിയടിച്ചത്.  എന്നെ കാണാൻ ആണല്ലേ ഇത്രയും ആളുകൾ ഇതിലെ പോയി വന്നത്. എന്നെയോർത്താണോ ഇവിരിത്രയും വിഷമിക്കപ്പെട്ടത്. എന്നെയോർത് വിഷമിക്കാനും കരയാനും ഇത്രെയേറെ പേരുണ്ടല്ലേ. ഇനിയും ആളുകൾ വന്നു കൊണ്ടിരിക്കും.

Comments

Popular Posts