റാം c/o ആനന്ദി


"നമ്മുടെ ജീവിതത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളിൽ മിനിമം ഒരാളെലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട്. എന്തെങ്കിലും കാരണങ്ങൾകൊണ്ട് അതവർ വെളിപ്പെടുത്തുന്നില്ല എന്നുമാത്രം. അതുപോലെതന്നെ നമ്മളും രഹസ്യമായി ആരെയൊക്കെയോ പ്രണയിക്കുന്നുണ്ട്.നമ്മളും അതവരോട് വെളിപ്പെടുത്തുന്നുമില്ല."- റാമിനോട് മല്ലിയുടെ വാക്കുകളാണ്.


2021 ഡിസംബറിലാണ് റാം C/O ആനന്ദി എന്ന സിനിമാറ്റിക് നോവൽ എൻ്റെ കൈയിലെത്തുന്നത്. ഒരു വെബ്‌സൈറ്റിൽ നിന്നും ക്രൈം ത്രില്ലറുകളുടെ കൂട്ടത്തിൽ വേറെ ഏതെങ്കിലും വിഭാഗത്തിൽ പെട്ട ഒരു പുസ്തകം തപ്പുന്നതിനിടയിലാണ് ഈ മനോഹര പുസ്തകത്തിന്റെ കവർ പേജ് കാണുന്നത്. അഖിൽ പി ധർമ്മജൻ , എഴുത്തുകാരന്റെ പേര് അതായിരുന്നു. ആ എഴുത്തുകാരന്റെ പേരിനപ്പുറം നോവലിന്റെ പശ്ചാത്തലവും കവർ പേജുമാണ് എന്നെ കൂടുതൽ ആകർഷിച്ചത്.

5 മാസങ്ങൾക്ക് ശേഷം ഇന്നാണ് ഈ നോവൽ വായിച്ചു തീർത്തത്. വീണ്ടും മുറിഞ്ഞു തുടങ്ങിയ വായനയെ ചേർത്ത് പിടിക്കാനാണ് റാമിന്റെ കഥയെ തിരഞ്ഞെടുത്തത് അതും മൂന്നു ആഴ്ച മുൻപ് . മടി പിന്നാലെ കൂടിയതിനാൽ 5 ദിവസം കൊണ്ട് പത്തു പേജ് പോലും തീർക്കാൻ എനിക്ക് കഴിഞ്ഞില്ല. 

റാമിന്റെ കഥയിലേക്ക് കടക്കും മുൻപേ എഴുത്തുകാരൻ പറഞ്ഞിരുന്നു, ഇതൊരു കഥപറച്ചിൽ ആയിരിക്കുമെന്ന്. കഥയുടെ ഒഴുക്കും താളവും ആ വാക്കുകളെ അടിവരയിടുന്നതാണ്. അത്രമേൽ കഠിനമായ മലയാള വാക്കുകളോ കഥാകാരൻ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവര്ക്കും എളുപ്പത്തിൽ വായിച്ചു രസിക്കാനുള്ളത് ഈ നോവലിൽ ഉണ്ട്.

ആലപ്പുഴക്കാരനായ റാം എന്ന സിനിമാമോഹിയുടെ, ചെന്നൈയിലെ ജീവിതവും ആ ജീവിതത്തിലേക്കു കടന്നു വരുന്ന പല കഥാപാത്രങ്ങളും, റാമിനും ആ കഥാപാത്രങ്ങൾക്കിടയിലുമുള്ള സൗഹൃദവും പ്രണയവും വേര്പാടുകളും എല്ലാം ചേർന്നതാണ് റാം C/O ആനന്ദി . സിനിമ പഠിക്കാനും ചെന്നൈ നഗരത്തെ കൂട്ടുപിടിച്ചു ഒരു നോവൽ എഴുതാനുമായി ചെന്നൈയിലെത്തിയ റാം, റാമിന്റെ അതെ ക്ലാസ്സിലെ സഹോദരങ്ങളായ വെട്രിയും രേഷ്മയും, കോളേജിലെ റിസെപ്ഷനിസ്റ് ആനന്ദി, റാമിന്റെ കോളേജ് യാത്രയിൽ കണ്ടു മുട്ടുന്ന മല്ലിയും, പിന്നെ ഒരു പാട്ടിയും . ഇവരാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ ജീവിതത്തിലെ ചില അപ്രതീക്ഷിത സന്ദർഭങ്ങളും, ഒത്തു ചേരലുകളുമാണ് ഈ കഥ.

സിനിമാറ്റിക് നോവൽ, അതാനു  ഈ നോവലിന്റെ കാറ്റഗറി. ആ കാറ്റഗറി യോട് 100 ശതമാനം നീതി പുലർത്താൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ നോവൽ വായിക്കുന്നതിലും അപ്പുറം ഒരു സിനിമ കാണുന്ന ഫീൽ തരാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.

റാമിന്റെ കോളേജും, ട്രെയിൻ യാത്രകളും, മല്ലിയോടുള്ള സൗഹൃദവും, ആനന്ദിയോടുള്ള പ്രണയവും, ഇരുവരുടെയും യാത്രയും പാട്ടിക്ക്  വെട്രിയോടും രേഷ്മയോടും റാമിനോടും ആനന്ദിയോടുമുള്ള വാത്സല്യവും അവരുടെ ഇടയിലേക്ക് കയറിവരുന്ന ചില അപ്രതീക്ഷിത സന്ദര്ഭങ്ങളും ഇവയെല്ലാമാണ് ഈ നോവലിന്റെ ആകെത്തുക.വായന തീരുമ്പോഴേക്കും ,  മല്ലിയോടും ആനന്ദിയോടുമുള്ള നമ്മുടെ സമീപനം പാടെ മാറിയിട്ടുണ്ടാകും.

അഖിൽ പി ധർമ്മജന്റെ മൂന്നാമത്തെ നോവൽ ആണ് റാം C/O  ആനന്ദി. പക്ഷെ അദ്ദേഹത്തിന്റെ ഞാൻ വായിച്ച ഏക നോവലും ഇതാണ്. ഇനി വേണം ബാക്കി രണ്ടെണ്ണം കൂടി വായിച്ചു തീർക്കാൻ. ഡിസി ബുക്ക്സ് ആണ് ഇതിന്റെ പബ്ലിഷേഴ്സ്. ഈയൊരു നോവലിൽ എന്നെ കൂടുതൽ ആകർഷിച്ച വാക്കുകളാണ് മല്ലി റാമിനോട് പറഞ്ഞ ആദ്യം കൊടുത്ത വാക്കുകൾ.


ഇതൊരു പുസ്തകത്തിനപ്പുറം, റാമിന്റെ യാത്രകളെ അവരുടെ കൂടെ തന്നെ അനുഭവിച്ചറിയാൻ കഴിഞ്ഞതിൽ എഴുത്തുകാരനോടുള്ള നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു .

Comments

Popular Posts