307.47 - വായനാ അനുഭവം


കെട്ടു പൊട്ടി പറന്നു കൊണ്ടിരുന്ന എന്റെ വായനാ ശീലത്തെ തിരികെ പിടിക്കണം എന്നാഗ്രഹിച്ചിട്ടു കാലം കുറെ ആയി. 10 ആം ക്ലാസിനു ശേഷം വായന തീരെ ഇല്ലാതായി എന്ന് തന്നെ പറയണം. അങ്ങനെ ചിന്തിച്ചിരിക്കുമ്പോളാണ് അവിചാരിതമായി  ബുക്ക് ക്യാരി എന്നൊരു ഇൻസ്റ്റാഗ്രാം പേജ് കാണുന്നതും അവരുടെ വെബ് സൈറ്റ് വഴി ബുക്ക്  ചെയ്യുന്നതും. ഇപ്പോൾ 12 ഇൽ അധികം പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്. കൂടുതലും ത്രില്ലെർ സ്വഭാവമുള്ളവ. വളരെ കാലത്തിനു ശേഷം വായന പുനരാരംഭിക്കുമ്പോൾ മലയാള സാഹിത്യത്തെ പെട്ടെന്ന് തലയിലേക്ക് എടുത്തു വെക്കാൻ കഴിയില്ല എന്ന തോന്നലിൽ നിന്നാണ് ത്രില്ലെർ നോവലുകളിലേക്ക് ചുവടു മാറിയത്. അങ്ങനെ പരതികൊണ്ടിരിക്കുമ്പോളാണ് ചില പേരുകൾ ശ്രദ്ധിക്കുന്നത്. 

തികച്ചും വ്യത്യസ്തമായ പേരുള്ള , ആശിഷ് ബെൻ അജയ് എന്ന എഴുത്തുകാരന്റെ ആദ്യത്തെ ബുക്ക്. അദ്ദേഹത്തിന്റെ വാക്കുകളിൽ പറയുകയാണെങ്കിൽ ഒരു ട്രാവലോഗ്സ് - ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന നല്ലതു പോലെ ത്രില്ല് അടിപ്പിക്കുന്ന ഒരു ചെറിയ പുസ്തകം. 307.47, ഈയൊരു പേരാണ് എന്നെ അത്ഭുതപ്പെടുത്തിയത്. പേരിലെ ആകാംക്ഷ കൊണ്ട് മാത്രമാണ് ഈ പുസ്തകത്തിന് വേണ്ടി കാത്തിരുന്നത്. 2  പുസ്തകങ്ങൾ കൂടി ഇതിനൊപ്പം വാങ്ങി എങ്കിലും കൂട്ടത്തിലെ ത്രില്ലെർ ആയിരുന്നു ആദ്യം വായിച്ചു തീർത്തത്. എഴുത്തുകാരൻ ഈ പുസ്തകം ഒറ്റയിരുപ്പിൽ തീർക്കുന്നതിന് കുറിച്ച് തുടക്കത്തിലേ പറയുന്നുണ്ട്. പക്ഷെ ഞാൻ ഇത് വായിച്ചു തീർക്കാൻ രണ്ടു മുതൽ മൂന്നു  ദിവസം വരെ എടുത്തു.

ഇതൊരു ട്രാവലോഗ് - ഫിക്ഷൻ വിഭാഗത്തിലെ ഒരു രചന ആയതു കൊണ്ട് കഥ പറച്ചിൽ മുഴുവനും ഒരു യാത്ര വിവരണം പോലെ അനുഭവ പെട്ടേക്കാം. അതിലുപരി ഈ പുസ്തകം രണ്ടു ബാങ്ക് ജീവനക്കാരുടെ രണ്ടു സമയത്തെ  യാത്രയെ കുറിച്ചാണ് പറയുന്നത്. പുസ്‌തകത്തിന്റെ തലക്കെട്ടിന്റെ  പുസ്തക വായനയിലൂടെ മാത്രമേ മനസിലാക്കുന്നതാണ് ഉചിതം. അപ്രതീക്ഷിതമായ ക്ലൈമാക്സ് ഈ ഒരു പുസ്തകത്തിനെ വേർതിരിച്ചു നിർത്തുന്നുണ്ട്. വായനയിൽ ഉടനീളം, രണ്ടു കഥാപാത്രങ്ങളുടെയും ഒപ്പം നമ്മളെ യാത്ര ചെയ്യിപ്പിക്കുന്നതിലും, അവർ കണ്ട കാഴ്ചകൾ നമ്മളിൽ  അനുഭവപ്പെടുത്തുന്നതിലും കഥാകാരൻ വിജയിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു. 


അത്രയധികം സാഹിത്യം ഒഴുകി നടക്കാത്ത പേജുകളാണ് ഈ ബുക്കിൽ മുഴുവനും. വായനയെ ഒരു തരത്തിലും അലോസര പെടുത്താതെ തരത്തിലുള്ള എഴുത്തതും അഭിനന്ദനർഹമാണ്. 




Comments

Popular Posts