ഞങ്ങളുടെ ഓണം

ക്ലാസ് കഴിഞ്ഞാൽ നേരെ വീട്ടിലോട്ടു ഒരോട്ടമാണ്    , ഒരു  ഗ്ലാസ് ചായ, ഒറ്റവലിക്ക് കുടിച്ചു തീരത്തിന് ശേഷം ചേച്ചിമാരോടൊത്തു പൂപറിക്കാൻ നടക്കലാണ് പിന്നെ. നാളെ അത്തമാണ്.  ഇനിയുള്ള വൈകുന്നേരങ്ങൾ പൂക്കൾ അന്വേഷിച്ചുള്ള നടത്തങ്ങളായിരിക്കും. ഞാനും അനിയനും പിന്നെ കണ്ടാൽ ഇരട്ടകളാണെന്നു തോന്നാത്ത രണ്ടു ചേച്ചിമാരും.

എന്റെ വീടിന്റെ അടുത്ത് തന്നെയാണ് ചേച്ചിമാരുടെ വീട്, അവർക്കു മൂത്തതായി രണ്ടു ചേച്ചിമാര് വേറെയുമുണ്ട്. ചെറുപ്പത്തിൽ ഞാൻ കൂടുതലും ചിലവഴിച്ചത് അവരുടെ വീട്ടിലായിരുന്നു . ഞങ്ങളുമായി യാതൊരു വിധ ബന്ധങ്ങളും ഇല്ലെങ്കിലും ഇവരും ഞങ്ങളുമൊരു കുടുംബം പോലെ തന്നെ ആയിരുന്നു . എന്റെ അച്ഛനെയും അമ്മയെയും കൊച്ചച്ചൻ എന്നും ചിറ്റ എന്നുമാണ് അവര് വിളിക്കാറുള്ളത്. ഞങ്ങൾക്കും ഉണ്ടൊരു മാമനും ആന്റിയും അവരുടെ വീട്ടിൽ, ചേച്ചിമാരുടെ അച്ഛനും അമ്മയും.

വൈകുന്നേരങ്ങളിലെ പൂ അന്വേഷിക്കലിൽ ഇവരാണ് ഞങളുടെ വഴികാട്ടികൾ. അത്യാവശ്യം പാടത്തും, പറമ്പിലും പോയിട്ടാണ്  അടുത്ത ദിവസത്തേക്കുള്ള പൂക്കൾ പറിക്കുന്നതു. ഇന്നിപ്പോ ആ പാടങ്ങളും പറമ്പുകളും കെട്ടിടങ്ങളായി മാറിയിരിക്കുന്നു. തുമ്പപ്പൂ , അരിപ്പൂ , കൊങ്ങിണി പൂ, നാളത്തേക്ക് വിടരാറായ ചെമ്പരത്തി മൊട്ടുകൾ, ചെത്തി പൂ, കാക്കപ്പൂവ് അങ്ങനെ കാണുന്നതൊക്കെയും പറിച്ചെടുക്കും. അന്നിതൊക്കെ അവിടെ വളരെ സുലഭമായിരുന്നു. അരിപ്പൂവ് എന്ന് ഞങൾ വിളിക്കുന്നത്, സത്യത്തിൽ ഒരു പൂവല്ല, നെല്ലിൽ നിന്നും കിട്ടുന്ന ഒരു തരം പച്ച നിറമുള്ള, വിത്ത് പോലെ എന്തോ ആണ്. അതിന്റെ പേര് അപ്പഴും ഇപ്പഴും എന്താണെന്നു അറിയില്ല.

ഇതൊക്കെ പറിച്ചു, ചേമ്പിന്റെ ഇലയിൽ വീടിന്റെ ഉമ്മറത്തുള്ള തൂണിന്റെ മുകളിലേക്ക് എടുത്തു വെക്കും. പിന്നെ നേരം വെളുക്കാനുള്ള കാത്തിരിക്കലാണ്. രാവിലെയും ഒരോട്ടമുണ്ട്, പൂക്കൾ ഇനിയും കിട്ടിയാലോ എന്നന്വേഷിച്ചു കൊണ്ട്, കൂട്ടത്തിൽ കൊറച്ചു പച്ചിലകളും കിട്ടും.

അമ്മയാണ് എല്ലാ ദിവസവും ചാണകം കൊണ്ട് പൂക്കളം മെഴുകുന്നത്, പിന്നെ തുളസി, തുമ്പ, എന്നിങ്ങനെ പൂക്കളും, ഇലകളുമിട്ടു തുടങ്ങും. കാര്യം വല്യ ഭംഗിയോ ഡിസൈനോ ഇല്ലെങ്കിലും, ആ പൂക്കളങ്ങള് തരുന്ന ഒരു സന്തോഷമുണ്ടായിരുന്നു.

ഉത്രാട രാത്രിയിൽ, കാച്ചിലിന്റെ ഇലയും, അരിപ്പൊടിയും ചേർത്ത് ഒരു പ്രേത്യേക മാവ് കലക്കിയെടുക്കും, അതിൽ കൈ മുക്കി ചുമരിലും, വാതിലുകളിലും പതിപ്പിക്കും, നിലത്തു ആ മാവു കൊണ്ട് കോലം വരക്കും. പൊതുവെ ആ ഭാഗത്തുള്ളവർ തിരുവോണത്തിന് പൂവിടാറില്ല, തിരുവോണത്തിന് അന്ന് അതി രാവിലെ തന്നെ പൂക്കളത്തിലെ പൂവൊക്കെ മറ്റും, ഒരു തൂശനിലയിൽ, തുമ്പക്കുടം കൊണ്ട് മൂടിയ നിലയിലായിരിക്കും തൃക്കാക്കരയപ്പൻ. മഹാബലി തമ്പുരാന്റെ എഴുന്നെള്ളിപ്പിനു വേണ്ടി പോകുന്നത് അനിയനാണ് , ഒരു കുടയും വടിയുമായി അനിയച്ചാർ അടുത്ത വഴിയിൽ നിന്നും വീട്ടിലേക്ക് വരും .

പിന്നീടാണ് കൈപ്പത്തി പതിപ്പിക്കൽ, വീടിന്റെ ചുമരുകളും, വാതിലുകളും കൈപ്പത്തികൾ കൊണ്ട് നിറയും. അച്ഛനും അമ്മയും സദ്യക്കുള്ള ഒരുക്കങ്ങളിലേക്കു തിരിയും. ഞാനും അനിയനും കുളിയൊക്കെ കഴിഞ്ഞു, പോകാൻ പറ്റുന്ന ഒരുമാതിരി അമ്പലങ്ങളിലേക്കൊക്കെ ഓടും.

വീട്ടിൽ പൊതുവെ അമ്മയാണ് അടുക്കള ഭരിക്കാറെങ്കിൽ, ഓണത്തിനും വിഷുവിനുമൊക്കെ പാചകം അച്ഛൻ ഏറ്റെടുക്കും. എല്ലായിപ്പോഴും അങ്ങനെ തന്നെ. ഓണ സദ്യ കഴിഞ്ഞാൽ 'അമ്മ വീട്ടിൽ പോകാനാണ് കാത്തിരിപ്പു, പണികളൊക്കെ തീർത്തു, പായസവും കറികളുമൊക്കെയായി 'അമ്മ വീട്ടിലിലേക്ക് സർകീട്ടു. അവിടേം ഉണ്ട് കൂട്ടുകാരന്മാരായി കൊറേ പേര്.

ആദ്യമൊക്കെ ഞങ്ങള് നാല് പേരും അച്ഛന്റെ M80 യിൽ 'അമ്മ വീട്ടിലേക്കു പോയിക്കൊണ്ടിരുന്നതാണ്, വര്ഷങ്ങള് കൂടിയപ്പോ അച്ഛനും അമ്മയും MAT  യിൽ , ഞാനും അനിയനും ബസേലും. 

ഇന്നിപ്പോ 'അമ്മ വീട് സർകീട്ടും, പൂവിടലും സദ്യയുമൊക്കെ ഉണ്ടെങ്കിലും, അന്ന് നടന്ന പോലെ പൂ പറിക്കാൻ ആരും പോകുന്നില്ല. പൂക്കളത്രയും കടകളിൽ കിട്ടുമല്ലോ, പോയി നടന്നു പൂ പറിക്കാനൊന്നും ആർക്കും സമയമില്ലത്രേ.

Comments

Popular Posts