സുശാന്ത് രാജ്പുതും ഞാനും

സുശാന്ത് രജ്പുത്തിന്റെ മരണവും, വിഷാദവും. ഇന്ന് 14 -06നു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം. വിഷാദം എന്നത് ഒരു ജീവിതവസ്ഥ തന്നെയെന്ന് പറയേണ്ടി വരും. ഓരോ മനുഷ്യനും ജീവിതത്തിൽ ചിലപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ള ഒന്ന് അല്ലെങ്കിൽ അനുഭവിക്കാനിടയുള്ള ഒന്ന്. ചിലർ അതിനെ വളരെ നിഷ്പ്രയാസം കീഴടക്കി ജീവിതത്തിലേക്ക് തിരിച്ചു വരും. മറ്റു ചിലർ അതിനു കീഴ്പ്പെട്ടു ജീവിതം തിരിച്ചു പിടിക്കാനാകാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചേരും. മറ്റു ചിലർ, ഈ വിഷാദത്തെ മറികടക്കാൻ മറ്റു പല വഴികളും തേടും.
വിഷാദത്തെയോ, അതിന്റെ അവസ്ഥാന്തരങ്ങളെയോ മുഴുവനായും അറിഞ്ഞ ഒരാളല്ല ഞാൻ. പക്ഷെ എന്റെ ജീവിതത്തിലും ഇടക്കെപ്പഴോ വന്നു പോയതാണിത്. ആ മാനസിക മുറുക്കത്തിൽ നിന്നും രക്ഷ നേടാനോ, മാറി നടക്കാനോ അല്പമെങ്കിലും എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ മാറ്റി നടത്തം പുതുയൊരു ജീവിത ശൈലിയായി മാറിയെന്നെ പറയാൻ പറ്റൂ.

ഇന്റർനെറ്റും ലാപ്ടോപ്പും അവ രണ്ടുമായിരുന്നു അന്നത്തെ കൂട്ട്. കോളേജ് കഴിഞ്ഞാൽ ഉറങ്ങാൻ കിടക്കുന്ന സമയമത്രയും ഇത് തന്നെയായിരുന്നു ജീവിതം. സൗഹൃദത്തിന്റെ കണ്ണികൾ മുറിഞ്ഞു തുടങ്ങി, ക്ലാസ്സിലെ ഇരിപ്പ് മുൻ ബെഞ്ചിൽ നിന്നും പിന്നിലേക്കായി മാറി. ഒരു ബുക്കിൽ ഒരു വിഷയം മാത്രം എഴുതി നടന്ന ഞാൻ ഒരു വർഷത്തെ മുഴുവൻ വിഷയങ്ങൾക്കും ഒരു ബുക്ക് എന്ന രീതിയിലേക്ക് മാറി തുടങ്ങി.  വിഷാദവും അതിനുള്ള കാരണവും ചിലപ്പോ മറ്റുള്ളവർക്കൊരു തമാശയായി തോന്നിയേക്കാം. മനസും ശരീരവും പരസ്പരം ചേർച്ചയില്ലാത്ത കാലം. ചിന്തകൾക്കും സമീപങ്ങൾക്കും ശക്തി ചോർന്നു തുടങ്ങിയ നേരം. ആ കാലഘട്ടത്തെ അങ്ങനെയേ കാണാൻ കഴിയൂ.
 ഇപ്പോഴും മാറ്റങ്ങളില്ലാതെ ജീവിതം മുന്നോട്ട് തന്നെ പോകുന്നു. ഇടക്കിടക്ക് മറ്റു ചില ചിന്തകളും വിഷമങ്ങളുമായി എങ്ങനെയോ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
തുറന്നു പറച്ചിലുകളുടെ കുറവുകളാണ് ഓരോ മനുഷ്യന്റെയും വിഷമത്തെ കൂടുതൽ ആഴമുള്ളതാക്കുന്നത്. തുറന്നു പറയാൻ പറ്റാത്ത പലരും നമുക്ക് ചുറ്റുമുണ്ട് എന്നതാണ് സത്യം. ഞാൻ ആരോടുമൊന്നും തുറന്നു പറഞ്ഞിട്ടില്ല എന്നതാണ് സത്യം.

എന്നെ കുറിച്ച് എല്ലാം അറിയുന്നത് എന്റെ നിഴലിന് മാത്രമായിരിക്കും

Comments

Popular Posts