എന്തോ ഞാൻ ഇങ്ങനെയാണ്

ഒരു കലാലയ ജീവിതത്തിനു കൂടി തിരശീല വീഴാൻ പോകുന്നു. മുന്ന് വര്ഷം കടന്നു പോയിരിക്കുന്നു, ഇപ്പോഴും മനസ്സിൽ ആദ്യമായി ഈ കോളേജിൽ എത്തിയ അനുഭവങ്ങൾ ഓടി കളിക്കുന്നു. എത്ര പെട്ടെന്നാണല്ലേ ദിവസങ്ങൾ ഇങ്ങനെ ഓടി പോയത്. ഇനിയൊരിക്കലും തിരിച്ചു കിട്ടാൻ ഒരു സാധ്യതയും ഇല്ലാത്ത മുന്ന് വര്ഷങ്ങള്.  അനുഭവങ്ങൾ ഒരുപാടു കിട്ടി ഇവിടെ നിന്നും, പക്ഷെ ആഗ്രഹിച്ചതൊക്കെയും ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു. ഈ കലാലയത്തിൽ ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ചത്‌ ഒരു തരം ഏകാന്തതയാണ്. പലപ്പോഴും ഞാൻ തന്നെ സൃഷ്ടിച്ചെടുത്തത്. അത് പക്ഷേ പലപ്പോഴും പലതരത്തിലുള്ള ഉൾവലിയലുകളായിരുന്നു. അതാണ് എന്റെ സന്തോഷങ്ങൾ എന്ന് വിചാരിച്ചിരുന്നു. പലപ്പോഴും വിഷമിച്ചിരുന്നിട്ടുണ്ടിവിടെ. തോന്നിയിട്ടുണ്ട് പലപ്പോഴും ഇവിടെ എതിപ്പെട്ടത്തിനെ കുറിച്ച്. സ്വയം മാറണം എന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും. ചിലപ്പോഴൊക്കെ നടപ്പിലാക്കാനും കഴിഞ്ഞു.
      മൂക്കത്താണ് എനിക്ക് ശുണ്ഠി, വികാര-വിചാരങ്ങൾ നിയന്ത്രിക്കാൻ നന്നേ പാടുപെട്ടിരുന്ന ഒരവസ്ഥ. പക്ഷെ ഇപ്പൊ പലപ്പോഴും എനിക്ക് എന്നോട് തന്നെ ഒരു മതിപ്പു തോന്നുന്നു, ആ ഒരു അവസ്ഥയിൽ നിന്നും ചെറിയൊരു മോചനം കിട്ടിയപോലെ. ഇപ്പോഴും ചിലപ്പോൾ ഞാൻ ആ ഏകാന്തതകളെ പ്രണയിക്കുന്നുണ്ട്. അവ ചിലപ്പോ എനിക്ക് ഒരു പുഞ്ചിരി സമ്മാനിക്കുന്നുണ്ട് ഇപ്പോൾ. ചിന്തിച്ചു നോക്കുമ്പോൾ എല്ലാം മറ്റുള്ളവർക്ക് ഒരു തമാശ മാത്രമായി പരിണമിച്ചിരിക്കുന്നു. എനിക്കങ്ങനെ ആകാൻ ഇനിയും സമയമെടുക്കും, പക്ഷെ ഞാൻ ശ്രമിക്കുന്നുണ്ട് അതോർത്തു ചിരിക്കാൻ, ചില നിമിഷങ്ങൾ ഒഴികെ എല്ലാം എനിക്കും തമാശയായി ഖനീഭവിച്ചിരിക്കുന്നു. 3 വർഷത്തെ സൗഹൃദം ജീവിതകാലത്തോളം കൊണ്ടുനടക്കണം എന്ന് തന്നെയാണ് എല്ലാവരും ചിന്തിക്കുന്നത്, പക്ഷെ എന്റെ ചിന്തകൾ ആ സൗഹൃദങ്ങൾക്ക് ഒരു നിമിഷത്തെ അകൽച്ച പോലും ഉണ്ടാകാതെ കൊണ്ടുനടക്കുന്നതിനെ കുറിച്ചാണ്. അത്രയൊന്നും സൗഹൃദങ്ങൾ എനിക്ക് നെയ്തെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്തിനു ഒരാളെ ഒന്ന് കാണുമ്പോൾ ചിരിക്കാൻ പോലും എന്റെ ചുണ്ടുകൾക്ക് മടിയായി തുടങ്ങിയിരിക്കുന്നു. പലരുടെയും മുന്നിലൂടെ തല താഴ്ത്തി തന്നെ നടന്നു പലപ്പോഴും, ഒഴിഞ്ഞു മാറി നടക്കാൻ ആയി എന്ന് തോന്നിയപ്പോൾ മാറി നടന്നു, അത് പക്ഷെ എന്റെ അഹന്ത എന്ന മട്ടിൽ വ്യാഖാനിച്ചു പാടി നടന്നു. ചെയ്ത തെറ്റുകൾക്കത്രയും മാപ്പിരന്നു പലപ്പോഴും, ഒരു ചിരിപോലും കണ്ടിട്ടില്ല.
        സൗഹൃദ ബന്ധങ്ങളിലെ എണ്ണക്കുറവിനെ കുറിച്ച് നേരത്തെ പ്രദിപാദിച്ചിരുന്നു, പക്ഷേ എന്റെ  സ്വഭാവത്തിന് പറ്റിയ കൊറച്ചെണ്ണം ഇവിടെയും ഉണ്ടായിരുന്നു. ആ വലയത്തിൽ നിന്നും കണ്ടാൽ ചിരിക്കാൻ പറ്റിയ ആളുകളുടെ എണ്ണം കൂടി വന്നു. അടുത്തുള്ള ആളോട് മിണ്ടാതെ ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ആളോട് ഹേ, ഹായ് എന്ന് പുമ്പുന്ന  സോഷ്യൽ മീഡിയ സൗഹൃദത്തിൽ ഞാനും ഒരു കണ്ണിയാണ്.
യാത്രകൾ ഞാനിപ്പോൾ വളരെയധികം ആഗ്രഹിക്കുന്നുണ്ട്, ഒറ്റക്ക് അങ്ങട് പോകണം, ആരും അനേഷിച്ചു വരാത്ത ഒരിടത്തേക്ക്, തിരിച്ചു വരും എന്ന് ഉറപ്പു നൽകാൻ കഴിയാത്ത യാത്ര പോകണം ഒരിക്കൽ എനിക്ക്.

Comments

Popular Posts